വനിതാകമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ 68 കേസുകൾ പരിഗണിച്ചു. ഇതിൽ 19 എണ്ണം പരിഹരിച്ചു. ഏഴെണ്ണം പോലീസ് റിപ്പോർട്ടിനായും മൂന്നെണ്ണം ജാഗ്രതാ സമിതിക്കും കൈമാറി. ഒരു പരാതി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് കൈമാറി. 38 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതിയതായി ഒരു പരാതി ലഭിച്ചു.
വനിതാ കമ്മീഷൻ കലാലയങ്ങളിലും സ്‌കൂളുകളിലും നടത്തിവരുന്ന പ്രീ ആൻഡ് പോസ്റ്റ് മാരിറ്റൽ കൗൺസിലിങ്, കലാലയ ജ്യോതി ഉണർവ്വ് എന്നീ പരിപാടികൾ സെപ്റ്റംബർ മാസത്തോടെ കണ്ണൂർ ജില്ലയിൽ ആരംഭിക്കുമെന്ന് അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കലാലയ ജ്യോതി ഉണർവ്വ് പരിപാടിയിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സൈബർ, ലഹരി, പോക്സോ, ലിംഗനീതി എന്നീ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കും. കലാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രീ ആൻഡ് പോസ്റ്റ് മാരിറ്റൽ കൗൺസിലിംഗ് സംഘടിപ്പിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിലും കോളജുകളിലുമാണ് പരിപാടി സംഘടിപ്പിക്കുക. വിദ്യാർഥികളുമായി മുഖാമുഖം പരിപാടിയും നടത്തുമെന്നും കമ്മീഷൻ അംഗം പറഞ്ഞു.


അഭിഭാഷകരായ പദ്മജ പദ്മനാഭൻ, കെ.പി. ഷിമ്മി, കൗൺസിലർ അശ്വതി രമേശൻ എന്നിവരും സിറ്റിങ്ങിൽ പരാതികൾ പരിഗണിച്ചു.
19 cases were resolved in the Women's Commission Adalat held at the Kannur Collectorate Auditorium.